വനത്തിനുള്ളിലൂടെ ഒരു വിസ്മയ യാത്ര

വനത്തിനുള്ളിലൂടെ ഒരു വിസ്മയ യാത്ര

സുഹൃത്തുക്കളുടെ കൂടെയുള്ള യാത്രകൾ എന്നും ഒരു ഹരമാണ്, സുഹൃത്തുക്കളിൽ അധികം പേരും പ്രവാസികളായതിനാൽ അവര് നാട്ടിലെത്തുമ്പോൾ പറയും “എങ്ങോട്ടേലും ഒന്നു പോണ്ടേ എല്ലാവർക്കും ഒഴിവ് കിട്ടിയിട്ട് പോകൽ നടക്കൂല, ഇള്ളോൽ പോകാ എന്തേ അന്റെ അഭിപ്രായം ” പലപ്പോഴും കേൾക്കുന്നതാണ് ഈ വർത്താനം , ഇത് ശരിയുമാണ് ലീവ് കിട്ടാത്ത പ്രയാസവും മറ്റു സാങ്കേതിക കാരണങ്ങൾ കൊണ്ടും പല ട്രിപ്പുകളിലും പോകാൻ സാധിച്ചിട്ടില്ലായിരുന്നു, എന്നാൽ ഈ യാത്രയിൽ മേൽപ്പറഞ്ഞ തടസ്സങ്ങൾ എല്ലാം നീക്കി പോകാൻ തന്നെ തീരുമാനിച്ചു.

പാലക്കാട് -പൊള്ളാച്ചി- വഴി ഷോളയാർ – വാൾപ്പാറ- മലക്കപ്പാറ-ആതിരപ്പള്ളി – ഇതായിരുന്നു റൂട്ട് മാപ്പ് , പാലക്കാട് എത്തിയപ്പോൾ പറമ്പിക്കുളത്തുള്ള സുഹൃത്തിന് വിളിച്ചത്, പാലക്കാടെത്തിയിട്ടുണ്ടെങ്കിൽ പറമ്പിക്കുളത്തേക്ക് പോരൂ , ഞാൻ സേതുമടയിൽ ( പറമ്പിക്കുളത്തിനടുത്ത നഗരം 60 km) ഉണ്ടെന്നും ഇവിടെത്തിയാൽ ഒരുമിച്ച് പോകാംമെന്ന സനേഹപൂർവ്വമായ വിളി കേട്ടപ്പോൾ ഞങ്ങൾ റൂട്ടിൽ ചെറിയ മാറ്റം വരുത്തി , വാൾപ്പാറയിൽ ബുക്ക് ചെയ്ത താമസ സൗകര്യങ്ങൾ വിളിച്ച് ക്യാൻസൽ ചെയ്ത് വണ്ടി പറമ്പിക്കുളത്തേക്ക് തിരിച്ചു…..

പാലക്കാട് ജില്ലയിലാണ് പറമ്പിക്കുളം സ്തിഥി ചെയ്യുന്നതെങ്കിലും കേരളത്തിൽ നിന്ന് നേരിട്ട് അങ്ങോട്ട് യാത്ര ചെയ്യാൻ കഴിയില്ല, സ്വകാര്യ വാഹനങ്ങളെ ആ വഴി പ്രവേശിപ്പിക്കില്ല എന്നത് കൊണ്ടാണത്, പാലക്കാട് നിന്ന് പൊള്ളാച്ചി വന്ന് തമിഴ് നാടിന്റെയും കേരളത്തിന്റെയും ചെക്ക് പോസ്റ്റ് കഴിഞ്ഞ് വേണം പറമ്പിക്കുളത്തെത്താൻ
വന്യമൃഗങ്ങളുടെ സഞ്ചാരത്തിന് തടസ്സം വരാതിരിക്കാനാണ്, വാഹനങ്ങൾ ഇങ്ങനെ തിരിച്ച് വിടുന്നതെന്ന് അറിയാൻ കഴിഞ്ഞത്

പൊള്ളാച്ചി മുതൽ റോഡിന് ഇരുവശവും തണൽ വിരിച്ച് കൊണ്ട് ഒരേ വലിപ്പത്തിലുള്ള പച്ചപ്പ് നിറത്തോടേയുള്ള പുളിമരങ്ങൾ , കണ്ണെത്താത്ത ദൂരത്തോളം നിര നിരയായി കാണുന്ന തെങ്ങിൻ തോട്ടങ്ങളും കണ്ണിന് കുളിർമയേകുന്ന കാഴച്ചയാണ്.
പതിനൊന്ന് മണിയോടെ സേതുമടയിൽ എത്തി ഇനി പറമ്പിക്കുളമെത്തുന്നത് വരെ ഭക്ഷണം കിട്ടില്ല അത് കൊണ്ട് ഇവിടെ നിന്ന് ഊൺ കഴിക്കാം എന്നഭിപ്രായത്തിൽ ഹോട്ടൽ ഗൗരിശങ്കറിൽ നിന്ന് ഒന്നാന്തരം ഊണ്, (ഗുണമേന്മ കൊണ്ടും ആതിഥേയ മര്യാദകൊണ്ടും നല്ല നിലവാരമുള്ള ഹോട്ടൽ) ഞങ്ങൾ എഴു പേരടങ്ങുന്ന സംഘത്തേയും വഹിച്ച് ഇന്നോവ കാർ പറമ്പിക്കുളത്തേക്ക് കുതിച്ചു , 2009 ലാണ്ട് പറമ്പിക്കുളം കടുവ സങ്കേതമായി പ്രഖ്യാപിക്കുന്നത് കടുവ, പുലി,ആന, കരടി, മാൻ, മുതല, കരിങ്കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ആവാസ കേന്ദ്രമാണ് പറമ്പിക്കുളം.
തമിഴ് നാടിന്റെയും കേരളത്തിന്റെയും ചെക്ക് പോസ്റ്റ് പിന്നിട്ട് കാട്ടിലൂടെയുള്ള രണ്ട് മണിക്കൂറിലധികം വരുന്ന യാത്ര , വഴിലുടനീളം മയിലുകൾ, മാൻ കൂട്ടങ്ങൾ, കാട്ടുപോത്തുകൾ , ഇവയെ അടുത്ത് നിന്ന് കാണുന്നത് ആദ്യമായിട്ടായിരുന്നു , ചുരം കയറി പറമ്പിക്കുളത്തെത്തുമ്പോൾ ഉച്ചകഴിഞ്ഞു, ഞങ്ങൾക്ക് താമസത്തിനായി വനം വകുപ്പിന്റെ കീഴിലുള്ള ഹെറിറ്റേജ് കോട്ടേജ് തയ്യാറാക്കി വെച്ചിരുന്നു, രാത്രി ഭക്ഷണത്തിനുള്ള സാധനങ്ങൾ വഴിയിൽ (കോങ്ങാട്) നിന്ന് വാങ്ങിയിരുന്നു . ബീഫ് വരട്ടിയതും ചിക്കൻ കറിയും നെയ്ച്ചോറും തയ്യാറാക്കി, അത് കഴിഞ്ഞപ്പോഴെക്കും ഫോറസ്റ്റ് വാച്ചർ എത്തിയിരുന്നു, ഞങ്ങളേയും കൂട്ടി കാട്ടിലേക്ക് , ചെങ്കുത്തനെയുള്ള കയറ്റം കയറി ചെന്നപ്പോൾ മനോഹരമായ ചെറിയ വെള്ളച്ചട്ടം അത് കണ്ട് മടങ്ങുമ്പോൾ വഴിയിലുടനീളം മാനിന്റെയും കാട്ടുപോത്തുകളുടെയും കൂട്ടങ്ങൾ കൗതുക കാഴച്ചകളായി. തിരികെ കോട്ടേജിലെത്തി ഫ്രഷായി ഭക്ഷണവും കഴിച്ച് വന്യ മൃഗങ്ങളെ തേടി കാടിന്റെ ഉള്ളിലേക്ക് , മൃഗങ്ങളുടെ സഞ്ചാര പാതകളും ആനത്താരകളുമെല്ലാം കൃത്യമായി അറിയുന്നവരാണ് ഫോറസ്റ്റ് വാച്ചർമാർ റോഡിനിരുവശവും മാനുകളുടെയും കാട്ടു പോത്തുകളുടെയും മ്ളാവുകളുടെയും എണ്ണിയാലൊടുങ്ങാത്ത കൂട്ടങ്ങൾ ഇടക്ക് രണ്ടിടത്ത് ആനക്കൂട്ടങ്ങളും 30 കിലോമീറ്ററോളം സഞ്ചരിച്ച് തിരികെ താമസസ്ഥലത്തേക്ക് ,

. മണിക്കൂറുകളോളമുള്ള ബഡായിക്ക് ശേഷം പാതിരയും കഴിഞ്ഞു ഉറക്കത്തിലേക്ക് ……

5 മണിക്ക് തന്നെ എണീറ്റ് പുറത്തിറങ്ങിയപ്പോൾ മുറ്റത്ത് ആനപിണ്ടം കണ്ടു അന്ധാളിച്ച് നിൽക്കുമ്പോഴാണ് തൊട്ടടുത്തുള്ള പോലീസ് സറ്റേഷനിലെ കൂട്ടുകാരന്റെ സുഹൃത്തുകൂടിയായ സി.പി.ഒ ബാബു സർ വന്ന് പറഞ്ഞത് രാത്രി 2.30 ന് കോട്ടേജിന്റ മുറ്റത്ത് ആനക്കൂട്ടം ഉണ്ടായിരുന്നെന്നും നിങ്ങളെ വിളിക്കാൻ ശ്രമിച്ചു കിട്ടിയില്ല എന്ന് പറഞ്ഞു ( അവിടെ BSNL മാത്രമെ റേഞ്ച് കിട്ടൂ )

സുലൈമാനിയും തേടി തൊട്ടടുത്ത പറമ്പിക്കുളം അങ്ങാടിയിലേക്ക് ( ഒരു സ്തൂപവും ടൂറിസ്റ്റ ഇൻഫർമേഷൻ കൗണ്ടറും 4-5 കടകൾ , കുറച്ച് വീടുകൾ മാത്രമുള്ള കാടിന്റെ നടുവിലെ അങ്ങാടി.തമിഴ്നാട് -കേരള RTC കൾ ഇവിടെ വരെ എത്തും) അവിടെയുള്ള ചായക്കടയിൽ നിന്ന് ചായയും ബർക്കിയും കഴിച്ച് എല്ലാവരും അടുത്ത യാത്രക്കുള്ള തയ്യാറെടുപ്പ്, അപ്പോഴെക്കും ഞങ്ങളുടെ വഴികാട്ടി എത്തി അവരോടൊപ്പം ആളിയാർ ഡാമിലേക്ക് , നിറഞ്ഞ് നിൽക്കുന്ന ഡാമിന്റെ പുലർച്ചെയുള്ള കാഴ്ച്ചയും പ്രകൃതിയുടെ പച്ചപ്പും ഒത്ത് ചേർന്നപ്പോൾ അത് കണ്ണിന് കുളിരേകുന്ന കാഴച്ചയായി ,തിരികെ ഫോറസ്റ്റ് കാന്റീനിലേക്ക് (Parambiyar Cafe) അവിടെ നിന്ന് ദോഷയും ചട്ട്നിയും ചൂടു ചായയും കുടിച്ച് തൊട്ടടുത്ത എക്കോ ഷോപ്പിൽ നിന്ന് തേനും മറ്റു കാട്ടുൽപന്നങ്ങളും വാങ്ങി
ഞങ്ങളുടെ ആതിഥേയ സുഹൃത്തിനോടു യാത്ര പറഞ്ഞ് ചുരമിറങ്ങാൻ തുടങ്ങി,
ഏഷ്യയിലെ ഏറ്റവും വലിയ തേക്കുമരമായ
” കന്നിമരം ” പറമ്പിക്കുളത്താണ് പക്ഷേ അവിടെക്കുള്ള പാലം തകർന്നതിനാൽ അത് കാണാൻ സാധിച്ചില്ല.

സമയം രാവിലെ 11 മണി മുമ്പിലേക്കുള്ള കാഴ്ച്ച മറച്ച് കൊണ്ട് കനത്ത കോട മഞ്ഞും കൂടെ തണുപ്പും ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന നിസാറ് അതിനെയെല്ലാം അതിജീവിച്ച് ഞങ്ങളെ ചുരമിറക്കി, ഒരു രാത്രിയും പകലും പിന്നിട്ട് ഞങ്ങൾ ഷോളയാർ വാൾപ്പാറ ലക്ഷ്യമാക്കി തമിഴ് നാടിന്റെ ഗ്രാമീണ വീഥികളിലൂടെ ( എളുപ്പ വഴി) നീങ്ങി, മലയാളികളെ കുടിപ്പിക്കാൻ വേണ്ടിയുള്ള ഇളനീർ കൃഷിയുടെ തെങ്ങിൻ തോപ്പുകളും, മാവിൻ തോട്ടവും കനാലുകളുമെല്ലാമുള്ള സുന്ദര കാഴ്ച്ചയും കണ്ട് വാൾപ്പാറയിലേക്ക് 40 വളവുകളുള്ള ചുരവും അതിന്റെ മുകളിൽ നിന്ന് കാണുന്ന മനോഹരമായ കാഴ്ച്ചകളും കാണാൻ സമയം മതിയായില്ല, മണിക്കൂറുകളോളമുള്ള ചുരം യാത്ര എത്തിച്ചേർന്നത് അതി മനോഹരമായ വാട്ടർഫാൾസിലേക്ക് (സ്ഥലത്തിന്റെ പേരാണ് വാട്ടർ ഫാൾസ്) റോഡിനിരുവശവും തേയില തോട്ടങ്ങളും റോഡരികിലുള്ള മനോഹരമായി ഡിസൈൻ ചെയ്ത് വെച്ച ചെടികളും യാത്രയെ ഹരം കൊള്ളിക്കുന്നതാണ് സമയക്കുറവ് വലിയൊരു പ്രയാസമായി തോന്നി ( 6 മണിക്ക് മുമ്പ് മലക്കപ്പാറ ചെക്ക് പോസ്റ്റം കടന്ന് പോകണം ) മൂന്നര മണിയോടെ മലക്കപ്പാറ ടൗണിലെത്തി ഉച്ചഭക്ഷണം കഴിച്ച് കാഴച്ചകൾ കണ്ട് വീണ്ടും കാടിനകത്ത് കൂടിയുള്ള യാത്ര വാഴച്ചാൽ ഫോറസ്റ്റ ഡിവിഷന് കീഴിലുള്ള മേഖലയിലൂടെ വാഴച്ചാൽ – ആതിരപ്പള്ളി വെള്ളച്ചാട്ടങ്ങൾ ലക്ഷ്യമാക്കി മുന്നോട്ട് വഴിയിലുടനീളം വന്യമൃഗങ്ങളുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ബോർഡുകൾ കാണാം പ്രതീക്ഷയോടെ മുന്നോട്ട് പോകുമ്പോൾ റോഡിന്റെ വലതു വശം ചേർന്ന് ഈറ്റ മുള ഒടിയുന്ന ശബ്ദം കേട്ട് വാഹനം നിറുത്തി താഴെക്ക് നോക്കുമ്പോൾ ആനക്കൂട്ടത്തെയാണ് മുന്നിൽ കണ്ടത് ഞങ്ങളെ കണ്ടപ്പോൾ തന്നെ കുട്ടിയാനകളെ തളളി മുന്നോട്ട് നീക്കി തൊട്ടടുത്ത പുഴയിലേക്ക് ആനകൾ നടന്ന് നീങ്ങി അത് ക്യാമറയിൽ പകർത്തി അവിടെ നിന്ന് കുതിച്ച് വാഴച്ചാൽ – ആതിരപ്പള്ളി വെള്ളച്ചാട്ടങ്ങളിൽ കുറച്ച് സമയം ചിലവാക്കി ചെറിയ ഷോപ്പിംഗും ചൂടു ചായയും കുടിച്ച് ചാലക്കുടി -തൃശൂർ വഴി നാട്ടിലേക്ക് , ഏറെ സന്തോഷം നിറഞ്ഞ മറക്കാനാവാത്ത ഈ ദ്വിദിന യാത്ര അവസാനിച്ച് വീട്ടിലെത്തുമ്പോൾ സമയം രാത്രി 12 മണി കഴിഞ്ഞിരുന്നു

പറമ്പിക്കുളം ഒരു വിസ്മയമാണ്, കോഴിക്കൂട്ടങ്ങളെപ്പോലെ മയിലുകളെ കാണാം, ഞങ്ങൾ താമസിച്ച കോട്ടേജിനു മുന്നിൽ അതിരാവിലെ മാൻ കൂട്ടം മേഞ്ഞ് നടക്കുന്നു പോകുന്ന വഴികളിലെല്ലാം തൊട്ടും തൊടാതെയും മയിലുകളും മാനുകളും മനുഷ്യനെ കാണുന്നത് അവക്ക് പുതിയ കാര്യമല്ല പക്ഷേ ഞങ്ങളാണ് അവയെ കണ്ട് മിഴിച്ച് നിന്നത്.

കാടിനെയും മൃഗങ്ങളെയും ഇഷ്ടപ്പെടുന്നവർക്ക് മലിനീകരണമില്ലാത്ത ഇടം തേടുന്നവർക്ക് സന്തോഷത്തോടെ തിരിക്കാൻ പറ്റിയ വിനോദ സഞ്ചാര കേന്ദ്രമാണ് പറമ്പിക്കുളം

✒ ജൈസൽ കാളമ്പാടി

Leave a Reply

Your email address will not be published. Required fields are marked *