ഓണം ഫെസ്റ്റിവലില്‍ ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദ‍ര്‍ശിക്കാം

ആ‍ര്‍ച്ച്‌ ഡാമും വൈശാലി ഗുഹയും കണ്ട് വരാം, ഓണം ഫെസ്റ്റിവലില്‍ ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദ‍ര്‍ശിക്കാം
ഇടുക്കി: ഓണം ഫെസ്റ്റിവലിനോടനുബന്ധിച്ച്‌ ഒക്ടോബര്‍ 31 വരെ ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാം. (കഴിഞ്ഞ മുപ്പതാം തിയതി മുതൽ സന്ദർഷകർക്കു അനുവാദം ഉണ്ട് )മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചെറുതോണി അണക്കെട്ടില്‍ നിന്നു തുടങ്ങി ഇടുക്കി ആര്‍ച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കില്‍ ആറു കിലോമീറ്റര്‍ നടക്കണം. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറില്‍ സഞ്ചരിക്കുന്നതിന് എട്ടുപേര്‍ക്ക് പേര്‍ക്ക് 600 രൂപയാണു ചാര്‍ജ്ജ് ഈടാക്കുന്നത്.

രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് അഞ്ചു വരെയാണു സന്ദര്‍ശനസമയം. ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ചെറുതോണി – തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം. ചെറുതോണി ഡാമിന്‍റെ പ്രവേശന കവാടത്തിന് സമീപം ഹൈഡല്‍ ടൂറിസം വകുപ്പ് ഡാം കാണുന്നതിനും ബഗ്ഗികാര്‍ യാത്രാസൗകര്യത്തിനുമുള്ള ടിക്കറ്റ് കൗണ്ടര്‍ ക്രമീകരിച്ചിട്ടുണ്ട്.

ഇടുക്കി റിസര്‍വയറില്‍ ബോട്ടിംഗ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. 20 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാന്‍ സൗകര്യമുള്ള ബോട്ടാണ് ഇടുക്കി വൈല്‍ഡ് ലൈഫ് വിഭാഗം ഒരുക്കിയിടരിക്കുന്നത്. വനം വികസന ഏജന്‍സി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ബോട്ടിംഗിനിടെ ഇടുക്കി – ചെറുതോണി അണക്കെട്ടുകള്‍ ജലാശയത്തിലൂടെ സഞ്ചരിച്ച്‌ കാണുന്നതിനും കാനനഭംഗി ആസ്വദിക്കാനും കഴിയും. ഹില്‍വ്യൂ പാര്‍ക്കും കാല്‍വരിമൗണ്ട് മലനിരകളും ജലാശയവും ഇതിനോടു ചേര്‍ന്നുള്ള വനപ്രദേശങ്ങളും സഞ്ചാരികള്‍ക്ക് ഏറെ ആകര്‍ഷകമാണ്.

ഡാമിലും പരിസരത്തും മാലിന്യം സംസ്ക്കരിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈഡല്‍ ടൂറിസം സെന്‍ററിനോട് കെഎസ് ഇ ബി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മതിയായ ശുചിമുറികള്‍ ക്രമീകരിക്കാനും കൊവിഡ് പ്രോട്ടോകോളും ഗ്രീന്‍ പ്രോട്ടോകോളും ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *