ഇന്ത്യയിലെ ഏറ്റവും വലിയ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് വാഗമണില്‍
വാഗമണ്‍- രാജ്യത്തെ ഏറ്റവും വലിയ കാന്റിലിവര്‍ മോഡലിലുള്ള കണ്ണാടി പാല0 സഞ്ചാരികള്‍ക്ക് തുറന്ന് കൊടുത്തു
. 3 കോടി മുടക്കില്‍ സ്വകാര്യ പങ്കാളിത്തോടെയാണ് ഡി.ടി.പി.സിയുടെ കീഴിലുള്ള വാഗമണ്‍ അഡ്വന്‍ചര്‍ പാര്‍ക്കില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇവിടെ നിന്നുള്ള കാഴ്ചകളും ഇടുക്കിയിലെത്തുന്ന സഞ്ചാരികള്‍ക്ക് നവ്യാനുഭവമാകും. വിദേശ രാജ്യങ്ങളില്‍ കണ്ട് വരുന്ന ഈ ആധുനിക വിസ്മയം ഭാരത് മാത വെന്‍ച്വര്‍സ് പ്രൈവറ്റ് ലിമിറ്റിഡിന്റെ പേരിലുള്ള കിക്കി സ്റ്റാര്‍സും ഡി.ടി.പി.സി ഇടുക്കിയും ചേര്‍ന്ന് മൂന്ന് മാസമെടുത്താണ് നിര്‍മാണം നടത്തിയത്.
120 അടിയാണ് കണ്ണാടി പാലത്തിന്റെ നീളം. ഒരു തൂണില്‍ നിന്ന് തൂക്കിയിട്ടിരിക്കുന്ന രീതിയ്ക്കാണ് നിര്‍മാണം. ഭൂമിയില്‍ നിന്ന് 150 അടി ഉയരത്തില്‍ ആണ് സ്ഥിതിചെയ്യുന്നത്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ ആകര്‍ഷിക്കും വിധമാണ് ഗ്ലാസ് ബിഡ്ജിന്റെ നിര്‍മാണം. ഗ്ലാസിന് മുകളിലൂടെ ഒരേസമയം 30 പേര്‍ക്ക് വരെ പ്രവേശനം സാധ്യമാകും. 500 രൂപയാണ് പാലത്തില്‍ കയറുന്നതിനുള്ള നിരക്കായി പ്രാഥമികമായി നിശ്ചയിച്ചിരിക്കുന്നത്.
ഇത് സഞ്ചാരികള്‍ക്കായി തുറക്കുന്നതോടെ കാന്റിലിവര്‍ മോഡലിലുള്ള ബീഹാറിലെ 80 മീറ്റര്‍ നീളമുള്ള കണ്ണാടിപ്പാലം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഡി.ടി.പി.സി സെന്ററുകളില്‍ പ്രതിദിനം ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന സ്ഥലമാണ് വാഗമണ്‍ മൊട്ടക്കുന്നും അഡ്വന്‍ചര്‍ പാര്‍ക്കും. ഗ്ലാസ് ബ്രിഡ്ജിന് പുറമേ റോക്കറ്റ് ഇജക്ടര്‍, ജയന്റ് സ്വിംഗ്, സിപ്ലൈന്‍, സ്‌കൈ സൈക്ലിംഗ്, സ്‌കൈ റോളര്‍, ബംഗി ട്രംപോലൈന്‍ തുടങ്ങി സാഹസികതയുടെ ലോകം തന്നെയാണ് വാഗമണ്ണില്‍ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്. ആറ് കോടിയാണ് ഇതിനായി ചിലവാക്കിയത്