ഹിമാചല്‍ പ്രദേശ് എന്നും സഞ്ചാരികളുടെ സ്വര്‍ഗ്ഗ0
ഹിമവാന്റെ മടിത്തട്ടില്‍ കിടക്കുന്ന ഹിമാചല്‍ പ്രദേശ് എന്നും സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ്. ഏറെ നദികളുടെ ഉത്ഭവസ്ഥാനമായ ഈ ചെറു സംസ്ഥാനം മഞ്ഞണിഞ്ഞുകിടക്കുന്ന താഴ് വരകളാലും കുന്നിന്നിരകളാലും മനോഹരമാണ്. ജമ്മു-കശ്മീര്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഞ്ചല്‍ എന്നീ സംസ്ഥാനങ്ങളുമായി അതിരിടുന്ന ഹിമാചല്‍ പ്രദേശ് വടക്കേ ഇന്ത്യയിലെ പ്രധാന ടൂറിസം കേന്ദ്രമാണ്. കുളു, മണാലി, സിംല തുടങ്ങിയ കേന്ദ്രങ്ങള്‍ ലോകപ്രസിദ്ധങ്ങളായ വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. ഹിമാചലലിലെ മറ്റൊരു പ്രധാന ടൂറിസം കേന്ദ്രമാണ് ഭഗ്സു. ഭഗസുനാഗ് എന്നുകൂടി അറിയപ്പെടുന്ന ഈ സ്ഥലം മക്ലിയോഡ്ജങിന് അടുത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്. പുരാതനമായ ഒരു ക്ഷേത്രവും മനോഹരമായ വെള്ളച്ചാട്ടവുമാണ് ഭഗ്സുവിനെ ഒരു ടൂറിസം കേന്ദ്രമാക്കി മാറ്റുന്നത്. ധര്‍മ്മശാലയ്ക്ക് വളരെ അടുത്തു സ്ഥിതിചെയ്യുന്ന ഭഗ്സുവില്‍ എല്ലാകാലത്തും സഞ്ചാരികള്‍ എത്താറുണ്ട്. ഭഗ്സുനാഗ് ക്ഷേത്രമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ആകര്‍ഷണം. മക് ലിയോഡ്ജങില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്രപരിസരത്ത് ഒട്ടേറെ മനോഹരമായ കുളങ്ങളും കടുവയുടെ തലയുടെ ആകൃതിയിലുള്ള നീരുറവയും ഇവിടെ കാണാം. ഹിന്ദുമതക്കാര്‍ ഈ നീരുറവ വളരെ വിശുദ്ധമായിട്ടാണ് കരുതിപ്പോരുന്നത്. മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തിലുള്ള ക്ഷേത്രത്തിന്റെ കാഴ്ച അതിലേറെ മനോഹരമാണ്. വളരെ ശാന്തമായ അന്തരീക്ഷത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ ഒരു ടൂറിസം കേന്ദ്രമായ ഇന്ദ്രഹര്‍ പാസും ഇവിടെ അടുത്തുതന്നെയാണ്. ദൗലധര്‍ മലനിരകളിലുള്ള ഈ പാസ് സമുദ്രനിരപ്പില്‍ നിന്നും 4342 മീറ്റര്‍ ഉയരത്തിലാണ്. ചമ്പ, കന്‍ഗ്ര എന്നീ ജില്ലകള്‍ക്കിടയില്‍ അതിര്‍ത്തി കണക്കെയാണ് ഈ മലമ്പാത കിടക്കുന്നത്. ധര്‍മ്മശാലയില്‍ നിന്നും മക്ലിയോഡ്ജങില് നിന്നും ട്രക്കിങ് വഴി ഇവിടെയെത്താം. ഇതുകൂടാതെ സന്ദര്‍ശനയോഗ്യമായ മറ്റൊരു സ്ഥലമാണ് മിന്‍കിയാനി പാസ്. ധര്‍മ്മശാലയില്‍ നിന്നും ചമ്പയിലേയ്ക്കുള്ള ട്രക്കിങ് റൂട്ടിലാണ് ഈ പാസ് സ്ഥിതിചെയ്യുന്നത്. ഭഗ്സുവൊരുക്കുന്ന പ്രകൃതിയുടെ കാഴ്ച എത്ര ആസ്വദിച്ചാലും മതിവരാത്തതാണ്, എവിടെ നോക്കിയാലും മലനിരകളുടെ മയക്കുന്ന ദൃശ്യങ്ങളാണ് കാണാന്‍ കഴിയുക. ഏത് യാത്രാമാര്‍ഗ്ഗവും സുഖകരമായി എത്തിച്ചേരാവുന്ന സ്ഥലമാണ് ഭഗ്സുവെന്ന വിളിക്കുന്ന ഭഗ്സുനാഗ്. ധര്‍മ്മശാല വിമാനത്താവളമാണ് ഭഗ്സുവിന് ഏറ്റവും അടുത്തുള്ളത്. ദില്ലി, കുളു തുടങ്ങിയ നഗരങ്ങളില്‍ നിന്നെല്ലാം ധര്മ്മശാലയിലേയ്ക്ക് പതിവായി വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഭഗ്സുവിന് അടുത്തുള്ള റെയില്‍വേ സ്റ്റേഷന് പത്താന്‍കോട്ട് റെയില്‍വേ സ്റ്റേഷനാണ്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാബുകളിലോ ടാക്സിയിലോ ഭഗ്സുവിലേയ്ക്ക് തിരിക്കാം. മക് ലിയോഡ്ജങില്‍ നിന്നും ലോവര്‍ ധര്‍മ്മശാലയില്‍ നിന്നും ഭഗ്സുവിലേയ്ക്ക് ഒട്ടേറെ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ശക്തികുറഞ്ഞ വേനല്‍ അനുഭവപ്പെടുന്ന സ്ഥലമാണ് ഭഗ്സു. എന്നാല്‍ ശൈത്യം അതികഠിനമാണുതാനും. തണുപ്പല്‍പ്പം കൂടുമെങ്കിലും ഭഗ്സുവില്‍ സഞ്ചാരികള്‍ ഏറെ എത്തുന്നത് ശീതകാലത്തുതന്നെയാണ്. മഞ്ഞുമൂടിക്കിടക്കുന്ന മലകളും മഞ്ഞുമഴയും കാണണമെന്നുള്ളവര്‍ യാത്രയ്ക്കായി ഈ സമയം തന്നെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എന്നാല്‍ തണുപ്പിനോട് താല്പര്യമില്ലാത്തവര്ക്കും തണുപ്പുമൂലം അസുഖം പതിവുള്ളവര്‍ക്കും ഈ സമയം നല്ലതാവില്ല. ഇത്തരക്കാര്‍ക്ക് യാത്രയ്ക്കായി വേനല്‍ക്കാലം തിരഞ്ഞെടുക്കാം.
(native planet)