ഒരു മസാലദോശ, രണ്ട് ചായ: ഈ ബസിൽ കയറൂ.. കെഎസ്ആർടിസി പിങ്ക് കഫേ ചായ കുടിക്കാം
ഒരു മസാലദോശ, രണ്ട് ചായ: ഈ ബസിൽ കയറൂ.. കെഎസ്ആർടിസി പിങ്ക് കഫേ ചായ കുടിക്കാം
മൂന്നാർ • കെഎസ്ആർടിസി ബസിൽ കയറി ഇനി ധൈര്യമായി പറയാം– ഒരു മസാലദോശ, രണ്ട് ചായ. മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ പ്രവർത്തനം ആരംഭിച്ച പിങ്ക് കഫേയിലാണ് ഇതിനുള്ള സൗകര്യം. കുടുംബശ്രീ ഇടുക്കി ജില്ലാ മിഷൻ ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് കഫേ തുടങ്ങിയിരിക്കുന്നത്. കെഎസ്ആർടിസിയുടെ ഉപയോഗശൂന്യമായ ബസുകൾ പുനരുപയോഗിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
അറ്റകുറ്റപ്പണി ചെയ്ത് മോടി പിടിപ്പിച്ച ബസ് ആണ് കഫേയായി ഉപയോഗിക്കുന്നത്. ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ഈ ബസിൽ ഒരേസമയം 20 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. കുടുംബശ്രീ വനിതകൾക്കാണ് കഫേയുടെ ചുമതല. 14 പേർക്കാണ് ഇതുവഴി തൊഴിൽ ലഭിച്ചത്.രാവിലെ 5 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം. ഉച്ചഭക്ഷണം ഉൾപ്പെടെ ലഭ്യമാണ്.ഹോം ഡെലിവറിയും ഉദ്ദേശിക്കുന്നുണ്ട്.